Sunday, February 10, 2008

നക്ഷത്രങ്ങളും ചന്ദ്രനും ഗ്രഹങ്ങളും



ജ്യോതിഷത്തെക്കുറിച്ച്‌ ഒരു ഗ്രന്ഥപരിചയം നടത്തുന്നുണ്ട്‌ അനൂപ്‌ തിരുവല്ല. ജ്യോതിഷ സംവാദം നടന്നിരുന്ന പല ബ്ലോഗുകളിലും ജ്യോതിഷ ഗ്രന്ഥങ്ങളൊന്നും മറിച്ചുപോലും നോക്കാതെ, പലര്‍ക്കും സംഭവിച്ച അമളിയുടെയും പറ്റിപ്പിന്റെയും വെളിച്ചത്തിലുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു കണ്ടത്‌. അതില്‍നിന്നും വ്യത്യസ്തമാണ്‌ ഈ പുതിയ ബ്ലോഗ്‌ . ജ്യോതിഷ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പരാതി, ജ്യോതിഷത്തില്‍ ഗ്രഹത്തെയും ഉപഗ്രഹത്തെയും നക്ഷത്രങ്ങളെയും(സൂര്യനടക്കം) എല്ലാറ്റിനെയും ഗ്രഹങ്ങള്‍ എന്നാണ്‌ വിളിക്കുന്നത്‌ എന്നുള്ളതാണ്‌. ജ്യോതിഷികളുടെ വിവരക്കേടെന്നും, ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയെന്നും എനിക്കും തോന്നിയിരുന്നു. എന്നാല്‍, ഈയിടെ 'നക്ഷത്രം' എന്ന വാക്കിന്റെ ഉല്‌പത്തിയെക്കുറിച്ച്‌ കാണാനിടയായി.


ഭഗവത്‌ ഗീതയില്‍ : "നക്ഷത്രാണാം ശശി" = നക്ഷത്രങ്ങളുടെയിടയില്‍ ഞാന്‍ ചന്ദ്രനാണ്‌. ഇവിടെ നക്ഷത്രം എന്നുപറയുന്നത്‌, ജ്യോതിശാസ്ത്രജ്ഞന്മാര്‍ പറയുന്ന 'സ്റ്റാര്‍' അല്ല. നക്ഷത്ര ശബ്ദത്തിന്‌ 'ണക്ഷ ഗതൗ' എന്നതുകൊണ്ട്‌, ഗമന ശീലമുള്ളത്‌ എന്ന സൂചനയുണ്ട്‌. മനസ്സ്‌ ഒരിക്കലും നില്‌ക്കുന്നില്ലല്ലോ. അങ്ങിനെയുള്ള മനസ്സ്‌ 'ശശി'യായിരിക്കുന്നു. ശശിയെന്നതിന്‌ 'ശശ അസ്യാസ്തീതി' എന്നു നിഷ്പത്തി പറയാം. ജ്യോതിഷത്തില്‍ മനസ്സ്‌, മനഃകാരകന്‍, ദേഹകാരകന്‍ എല്ലാം ചന്ദ്രന്‍(ശശി) ആണല്ലോ. അപ്പോള്‍ ഷിജു അലക്സിന്റെ ഖഗോളത്തിന്റെ വിശദീകരണവും കൂട്ടി വായിച്ചാല്‍, ഭൂമിയില്‍നിന്ന് സങ്കല്‌പിക്കുമ്പോള്‍ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നുണ്ട്‌ എന്നു മനസ്സിലാക്കാവുന്നതാണ്‌. അതുകൊണ്ടാവാം എല്ലാറ്റിനെയും ചേര്‍ത്ത്‌ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത്‌.