Sunday, February 10, 2008

നക്ഷത്രങ്ങളും ചന്ദ്രനും ഗ്രഹങ്ങളും



ജ്യോതിഷത്തെക്കുറിച്ച്‌ ഒരു ഗ്രന്ഥപരിചയം നടത്തുന്നുണ്ട്‌ അനൂപ്‌ തിരുവല്ല. ജ്യോതിഷ സംവാദം നടന്നിരുന്ന പല ബ്ലോഗുകളിലും ജ്യോതിഷ ഗ്രന്ഥങ്ങളൊന്നും മറിച്ചുപോലും നോക്കാതെ, പലര്‍ക്കും സംഭവിച്ച അമളിയുടെയും പറ്റിപ്പിന്റെയും വെളിച്ചത്തിലുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു കണ്ടത്‌. അതില്‍നിന്നും വ്യത്യസ്തമാണ്‌ ഈ പുതിയ ബ്ലോഗ്‌ . ജ്യോതിഷ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പരാതി, ജ്യോതിഷത്തില്‍ ഗ്രഹത്തെയും ഉപഗ്രഹത്തെയും നക്ഷത്രങ്ങളെയും(സൂര്യനടക്കം) എല്ലാറ്റിനെയും ഗ്രഹങ്ങള്‍ എന്നാണ്‌ വിളിക്കുന്നത്‌ എന്നുള്ളതാണ്‌. ജ്യോതിഷികളുടെ വിവരക്കേടെന്നും, ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയെന്നും എനിക്കും തോന്നിയിരുന്നു. എന്നാല്‍, ഈയിടെ 'നക്ഷത്രം' എന്ന വാക്കിന്റെ ഉല്‌പത്തിയെക്കുറിച്ച്‌ കാണാനിടയായി.


ഭഗവത്‌ ഗീതയില്‍ : "നക്ഷത്രാണാം ശശി" = നക്ഷത്രങ്ങളുടെയിടയില്‍ ഞാന്‍ ചന്ദ്രനാണ്‌. ഇവിടെ നക്ഷത്രം എന്നുപറയുന്നത്‌, ജ്യോതിശാസ്ത്രജ്ഞന്മാര്‍ പറയുന്ന 'സ്റ്റാര്‍' അല്ല. നക്ഷത്ര ശബ്ദത്തിന്‌ 'ണക്ഷ ഗതൗ' എന്നതുകൊണ്ട്‌, ഗമന ശീലമുള്ളത്‌ എന്ന സൂചനയുണ്ട്‌. മനസ്സ്‌ ഒരിക്കലും നില്‌ക്കുന്നില്ലല്ലോ. അങ്ങിനെയുള്ള മനസ്സ്‌ 'ശശി'യായിരിക്കുന്നു. ശശിയെന്നതിന്‌ 'ശശ അസ്യാസ്തീതി' എന്നു നിഷ്പത്തി പറയാം. ജ്യോതിഷത്തില്‍ മനസ്സ്‌, മനഃകാരകന്‍, ദേഹകാരകന്‍ എല്ലാം ചന്ദ്രന്‍(ശശി) ആണല്ലോ. അപ്പോള്‍ ഷിജു അലക്സിന്റെ ഖഗോളത്തിന്റെ വിശദീകരണവും കൂട്ടി വായിച്ചാല്‍, ഭൂമിയില്‍നിന്ന് സങ്കല്‌പിക്കുമ്പോള്‍ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നുണ്ട്‌ എന്നു മനസ്സിലാക്കാവുന്നതാണ്‌. അതുകൊണ്ടാവാം എല്ലാറ്റിനെയും ചേര്‍ത്ത്‌ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത്‌.

6 comments:

താരാപഥം said...

ജ്യോതിഷത്തില്‍ ഗ്രഹങ്ങളല്ലാത്ത സൂര്യനെയും ചന്ദ്രനെയു എന്തുകൊണ്ടാണ്‌ ഗ്രഹങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌ എന്ന് അന്വേഷിച്ചതില്‍ നിന്നും കിട്ടിയത്‌ ഇവിടെ പങ്കുവെച്ചെന്നു മാത്രം. തെറ്റുണ്ടെങ്കില്‍ തിരുത്തുക. കൂടുതല്‍ അറിയാവുത്തവര്‍ വിശദീകരിക്കുക.

Anoop Technologist (അനൂപ് തിരുവല്ല) said...

ലേഖനം നന്നായിട്ടുണ്ട്. പ്ലാനറ്റ് ,സ്റ്റാര്‍ എന്നീയര്‍ഥത്തില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ചിന്തിക്കുന്നതിന്റെ കുഴപ്പമാണത്. അവ ജ്യോതിര്‍ഗോളങ്ങളല്ല ചില ബിന്ദുക്കള്‍ മാത്രമാണ് ജ്യോതിഷത്തില്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

don't have malayalam now so in english. Good
:)

Murali K Menon said...

:))

Kichu $ Chinnu | കിച്ചു $ ചിന്നു said...

ജ്യോതിഷത്തില്‍ ലോകത്തെങ്ങുമില്ലാത്ത ഗ്രഹങ്ങളായ രാഹുവിനെയെഉം കേതുവിനെയും കേരളതില്‍ മാത്രം കണ്ടു വരുന്ന ഗ്രഹമായ ഗുളികനേയും ഒക്കെ എങങനെ ന്യായീകരിക്കും... ??

താരാപഥം said...

കിച്ചുവിന്റെയും ചിന്നുവിന്റെയും സംശയത്തിന്‌ പൂര്‍ണ്ണമായ ഒരു മറുപടി തരാന്‍ ഞാന്‍ അശക്തനാണ്‌. കാരണം ഞാന്‍ ഒരു ജോത്സ്യനോ ജ്യോതിശാസ്ത്രഞ്ജനോ അല്ല. ജോതിഷത്തിന്റെ ചതിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒന്നു രണ്ടു ജോതിഷ ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കി, അത്രമാത്രം. അതും പൂര്‍ണ്ണമായി വായിച്ചില്ല. ചിന്തിക്കുമ്പോള്‍ വ്ട്ടാവാന്‍ തുടങ്ങി. ഉറക്കത്തില്‍ ഗ്രഹങ്ങളുടെ കൂടെ തിരിയാന്‍ തുടങ്ങി. അതുകൊണ്ട്‌ എനിക്കു പറ്റുന്ന പണിയല്ല എന്നും മനസ്സിലായി. രാഹു കേതുക്കള്‍ എന്താണെന്ന് മനസ്സിലായത്‌ ഇവിടെ നിന്നാണ്‌. ചില സ്ഥലങ്ങളില്‍ ഞാനും ഗുളികനെക്കുറിച്ചറിയാന്‍ ചോദ്യങ്ങള്‍ ഇട്ടിട്ടുണ്ട്‌. ഇതുവരെയും കിട്ടിയിട്ടില്ല. ഞാന്‍ വായിച്ച പുസ്തകത്തിലും തെറ്റുകള്‍ ഉണ്ടെന്ന് എനിക്ക്‌ മനസ്സിലായിട്ടുണ്ട്‌. ഗുളികനെക്കുറിച്ച്‌ മനസ്സിലായത്‌ ഇത്രമാത്രം. അതും ശരിയാണോ എന്നറിയില്ല. ഗുളികന്‍ ചെറിയ ഒരു ഉപഗ്രഹമാണെന്നാണ്‌ വായിച്ചത്‌. ദിവസത്തില്‍ രണ്ടു പ്രാവശ്യം (പകലും രാത്രിയും) ഉദിച്ചുവരും എന്നു കണ്ടു. വ്യാഴം ഒഴികെ ഏതു ഗ്രഹത്തിനോടുകൂടി നിന്നാലും ആ ഗ്രഹം പാപിയായിത്തീരും. എന്നുവച്ചാല്‍ ഗുണത്തിനു പകരം ദോഷം ഉണ്ടാകും എന്ന്. ലഗ്നം കണ്ടു പിടിക്കുന്നതിന്‌ ഗുളികന്റെ ഉദായം മനസ്സിലാക്കണം. അതുകൊണ്ട്‌ എനിക്കു മനസ്സിലായത്‌, സമയത്തിനെ മനസ്സിലാക്കാനുള്ള ഏതോ ഒരു ബിന്ദു ആണെന്നാണ്‌. അല്ലെങ്കില്‍ വാന നിരീക്ഷകര്‍ ഇതിനെ എവിടെയെങ്കിലും വച്ച്‌ കാണേണ്ടതായിരുന്നു. രാഹുകാലം നോക്കുന്നതുപോലെത്തന്നെയാണ്‌ ഗുളികകാലം നോക്കുന്നതിലും ഉള്ള അന്ധവിശ്വാസം എന്നാണ്‌ എനിക്കു മനസ്സിലായത്‌. ശരിയായ വിവരണം കിട്ടാന്‍ ഞാന്‍ ഇനിയും കാത്തിരിക്കുകയാണ്‌.