Monday, October 1, 2007

"സത്യമേ വിജയതേ" എന്നതിനൊരു തിരുത്ത്‌.

കഥയോ കവിതയോ ലേഖനമോ ഒന്നും എഴുതാനുള്ള ഭാഷാപരിജ്ഞാനം ഇല്ലാത്തതുകൊണ്ട്‌, അങ്ങിനെ ഒരു സാഹസത്തിന്‌ മുതിരുന്നില്ല.
"ആദ്യമായി എഴുതാന്‍ തുടങ്ങിയത്‌ ബ്ലോഗിലൂടെയാണെന്നും, ഇപ്പോള്‍ എഴുതി വശമായെന്നും (അതായത്‌, ആവശ്യത്തിന്‌ തൊലിക്കട്ടി വന്നുവെന്നും)" പലരും പറയുമ്പോള്‍, എനിയ്ക്കു തോന്നിയത്‌ , അതും ഒരു തരത്തിലുള്ള വ്യക്തിത്വവികസനം തന്നെയാണെന്നാണ്‌.

ഈ ലേഖനം എഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്‌ ഒരു ബ്ലോഗില്‍ കണ്ട വിഷയമാണ്‌. (mujee143.blogspot.com), disply name : wisdom.

"സത്യമേ വിജയതേ" എന്നൊരു പോസ്റ്റ്‌ റ്റൈറ്റിലും അതിനു താഴെ ഒരു ഗീതാ ശ്ലോകവും ആയിരുന്നു ഉള്ളടക്കം.

ഒരു വായനകൊണ്ട്‌, ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ നമുക്ക്‌ മനസ്സിലാവണമെന്നില്ല. വീണ്ടും വീണ്ടും വായിയ്ക്കുക, കിട്ടാവുന്ന വിശദീകരണങ്ങള്‍ സമ്പാദിയ്ക്കുക, ആരോഗ്യകരമായി സംവദിയ്ക്കുന്നവരോട്‌ ചോദിച്ച്‌ സംശയ നിവൃത്തി വരുത്തുക... അതൊക്കെയാണ്‌ എന്റെ ശീലം.

മുകളില്‍ പറഞ്ഞ തെറ്റായ വരി തിരുത്തുകയും, ഗീതാ ശ്ലോകത്തിന്റെ പൂര്‍ണ്ണരൂപവും അര്‍ത്ഥവും അറിയാവുന്ന വിധത്തില്‍ എഴുതുകയും ചെയ്ത്‌, പ്രസ്തുത ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു ഞാന്‍. "മോഡറേഷന്‍" ഉള്ളതു കൊണ്ട്‌ അത്‌ ഇതുവരെ വെളിച്ചം കണ്ടില്ല. ആ വരികള്‍ ഇനിയും ആരും തെറ്റായി ധരിയ്ക്കാന്‍ ഇടവരാതിരിയ്ക്കാനാണ്‌ ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇടുന്നത്‌.
(ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍, എന്റെ യുക്തിചിന്തയ്ക്ക്‌ ശരിയാണെന്ന്‌ തോന്നുന്നത്‌ ശരിയാണെന്നും, തെറ്റെന്ന്‌ തോന്നുന്നത്‌ തെറ്റാണെന്നും പറയുക മാത്രമാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ വ്യക്തമായ വിശദീകരണം തരാന്‍ അറിവുള്ളവര്‍ സന്മന്‍സ്സു കാണിയ്ക്കുമല്ലൊ.)


എന്റെ കമന്റ്‌ ഇപ്രകാരമായിരുന്നു:-

താങ്കളുടെ അറിയാനുള്ള കൗതുകം ഞാന്‍ മനസ്സിലാക്കുന്നു. അറിവ്‌ ഈശ്വരനാണ്‌, അത്‌ തെറ്റായി ഗ്രഹിക്കരുത്‌.

"സത്യമേവ ജയതേ" എന്നാണ്‌. (സത്യം - ഏവ - ജയതേ) അതായത്‌ , സത്യം മാത്രമെ ജയിക്കുകയുള്ളൂ)

പിന്നെ, 2 വരി ശ്ലോകം മാത്രമെടുത്തല്‍ മുഴുവനാകില്ല.

"ധ്യായതേ വിഷയാന്‍ പുംസഃ സംഗസ്‌തേഷുപജായതേ
സംഗാത്‌ സംജായതേ കാമഃ കാമാത്‌ ക്രോധോ // ഭിജായതേ.
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്‌ സ്‌മൃതി വിഭ്രമഃ
സ്‌മൃതിഭ്രംശാത്‌ ബുദ്ധിനാശോ ബുദ്ധിനാശാത്‌ പ്രണശ്യതി."

[ദൈവത്തേയോ ആത്മാവിനെയോ ധ്യാനിക്കുന്നതിനു പകരം - ഇന്ദ്രിയ സുഖം നല്‍കുന്ന വിഷയങ്ങളെ എപ്പോഴും ധ്യാനിച്ചിരിക്കുന്നവന്‌ അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍ നിന്ന് വിഷയാനുഭവത്തിനുള്ള ആഗ്രഹം (കാമം) ഉണ്ടാകുന്നു. ആഗ്രഹം ലഭിക്കുന്നതിനു പ്രതിബന്ധം വരുമ്പോള്‍ ക്രോധം ഉണ്ടാകുന്നു. (കാമപൂരണം ഉണ്ടായിക്കഴിഞ്ഞാലും ക്ഷോപം ഉണ്ടാകാന്‍ ഇടയുണ്ട്‌. കാമപൂരണത്തിനായി ഒരാള്‍ക്ക്‌ അയാളുടെ സമയം, ധനം, ആയാസം, യശസ്സ്‌ എന്നിങ്ങനെ പലതിനെയും നശിപ്പിക്കേണ്ടിവരും.) ക്രോധം കൊണ്ട്‌ വിവേകം നശിക്കുന്നു. അവിവേകത്തില്‍ നിന്ന്‌ ഓര്‍മ്മക്കുറവും ഓര്‍മ്മക്കുറവില്‍ നിന്ന് ബുദ്ധിനാശവും ഒടുവില്‍ ആ മനുഷ്യന്റെ നാശവും വന്നു ഭവിക്കുന്നു.]

9 comments:

താരാപഥം said...

അറിവ്‌ ഈശ്വരനാണ്‌, അത്‌ തെറ്റായി ഗ്രഹിക്കരുത്‌.

മൂര്‍ത്തി said...

തെറ്റായി ഗ്രഹിച്ചാല്‍ അറിവ് ചിലപ്പോള്‍ സാത്താനാകും. സംസ്കൃതം പിടിയില്ലാത്തതുകൊണ്ട് മലയാളം അര്‍ത്ഥം വായിച്ചു.

ശ്രീ said...

നന്നായി, നല്ല ലേഖനം. ഇത്തരത്തിലൊരു പോസ്റ്റിട്ടതിന്‍ അഭിനന്ദനങ്ങള്‍‌.
:)
സത്യമേവ ജയതേ!

Umesh::ഉമേഷ് said...

തിരുത്തിയതു നന്നായി. എങ്കിലും തിരുത്തിനു ചില തിരുത്തുകള്‍.

1. മറ്റേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതു നാലു വരിയുള്ള പൂര്‍ണ്ണശ്ലോകം തന്നെയാണു്. രണ്ടു വരിയല്ല. അനുഷ്ടുപ്പു വൃത്തത്തിനു് ഒരു വരിയില്‍ എട്ടക്ഷരമേ ഉള്ളൂ.
2. “സംഗസ്തേഷുപജായതേ” എന്നല്ല. “സംഗസ്തേഷൂപജായതേ”. സംഗഃ + തേഷു + ഉപജായതേ.
3. പ്രശ്ലേഷത്തിനു പകരം അ എഴുതുന്ന പതിവില്ല. (പ്രശ്ലേഷം തന്നെ വേണമെന്നില്ല). “ക്രോധോऽഭിജായതേ..” എന്നെഴുതാം. വരമൊഴിയില്‍ // എന്നു ടൈപ്പു ചെയ്താല്‍ പ്രശ്ലേഷം കിട്ടും. ഇപ്പോള്‍ ദേവനാഗരിയിലെ പ്രശ്ലേഷമാണു വരുന്നതു്. മലയാളം യൂണിക്കോഡ് ചാര്‍ട്ടിലും പ്രശ്ലേഷം വരുന്നു എന്നു കേള്‍ക്കുന്നു. അപ്പോള്‍ വരമൊഴിയും കീമാനുമൊക്കെ തിരുത്തും എന്നു കരുതുന്നു.

താരാപഥം said...

ഉമേഷ്‌ജി,
താങ്കള്‍ എന്റെ തെറ്റ്‌ ചൂണ്ടിക്കണിച്ചതിനും, തിരുത്തിയതിനും, പുതിയ അറിവുപകര്‍ന്നുതന്നതിനും വളരെയധികം സന്തോഷമുണ്ട്‌. ശ്ലോകത്തിന്റെ എണ്ണം കാണിച്ചാല്‍ മതിയെന്നു കരുതിയതാണ്‌. രണ്ടു വരി ശ്ലോകം മാത്രമെടുത്താല്‍ അര്‍ത്ഥം പൂര്‍ണ്ണമാകില്ല എന്നാണ്‌ ഉദ്ദേശിച്ചത്‌. പണ്ഡിതന്മാര്‍ പോലും വ്യാഖ്യാനിക്കുമ്പോള്‍ പൂര്‍ണ്ണമാകാറില്ല എന്നു പറയുന്ന ഗീതയുടെ വ്യാഖ്യാനം പകര്‍ത്തുന്നതാണെങ്കില്‍കൂടി അബദ്ധമാവരുതെന്നുണ്ടായിരുന്നു. നിങ്ങളുടെ പോലെയുള്ളവരുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. ഹെരിറ്റേജില്‍ താങ്കളുടെ പേരു കണ്ടിരുന്നു. (ബുദ്ധിമുട്ടാവില്ലെങ്കില്‍ എനിക്ക്‌ തങ്കളുടെ മൈയില്‍ ഐ. ഡി. അയച്ചു തരാമോ.)

Murali K Menon said...

അറിവ് ഈശ്വരനാണ് എന്നുള്ളതിനെ ഞാനൊന്നു മാറ്റി പറയാന്‍ ആഗ്രഹിക്കുന്നു. അറിവ് “ദൈവവും”, പൂര്‍ണ്ണ അറിവുള്ളവന്‍ “ഈശ്വരനും”. മനുഷ്യര്‍ അതുകൊണ്ടാണ് ലോര്‍ഡ് കൃഷ്ണ, ലോര്‍ഡ് ശിവ, ലോര്‍ഡ് ജീസസ് എന്നൊക്കെ പറഞ്ഞത്. അല്ലെങ്കില്‍ ഗോഡ് കൃഷ്ണ, ഗോഡ് ശിവ എന്നൊക്കെ പറയേണ്ടതായിരുന്നു. അപ്പോള്‍ Lord നും God നും തമ്മിലുള്ള വ്യത്യാസവും അതാണ്. (ഇത് ഗുരു നിത്യചൈതന്യയതി യുടെ വാക്കുകള്‍ ഞാന്‍ കടമെടുത്ത് ഉപയോഗിച്ചതാണ്.

അതുകൊണ്ട് താരാപഥം പറഞ്ഞതു ശരിയാണ്. തെറ്റായ് ഗ്രഹിക്കരുത്. ഇനി തെറ്റിയാല്‍ തന്നെ തിരുത്തി തരുമ്പോളതിനെ സ്വീകരിക്കാനുള്ള മനസ്സുണ്ടാവുന്നതും നല്ലതാണ്.

കുഞ്ഞന്‍ said...

അറിവു പകരുന്ന പോസ്റ്റ്....!

മുരളി മേനോന്റെയും ഉമേഷ്ജിയുടെയും കമന്റും അസ്സല്‍..!

താരാപഥം said...

തെറ്റ്‌ തിരുത്താനും നന്മ സ്വീകരിക്കാനും ഭാരതീയന്‌ സന്മനസ്സുള്ളതുകൊണ്ടാണ്‌ ദൈവത്തിന്റെ പോലും (തിരുത്തുന്നു "ഈശ്വരന്റെ പോലും) ആജ്ഞകളോ നിര്‍ബ്ബന്ധബുദ്ധിയോ ശിക്ഷാവിധികളോ ഒന്നുമില്ലാതെത്തന്നെ ഒരു സംസ്ക്കാരം വളര്‍ന്നു വന്നത്‌.
ഉപദേശങ്ങളും തിരുത്തലുകളും ശിരസാവഹിച്ചിരിക്കുന്നു.
എല്ല്ലവര്‍ക്കും നന്ദി.

Umesh::ഉമേഷ് said...

താരാപഥമേ,

ഹെറിറ്റേജില്‍ എന്റെ പേരു കണ്ടു എന്നു പറഞ്ഞതു മനസ്സിലായില്ല. ഇന്ത്യാ ഹെറിറ്റേജിന്റെ (ഡോ. പണിക്കര്‍) ബ്ലോഗ് ആണോ ഉദ്ദേശിച്ചതു്?