Sunday, October 7, 2007

ശാസ്ത്രം

Science എന്ന ഇംഗ്ലീഷ്‌ വാക്കിന്‌ പൊതുവായി നമ്മള്‍ ശാസ്ത്രം എന്നു പറയുന്നു.
ക്രമീകൃതവും നിയമാനുസൃതവുമായ ജ്ഞാനം, ക്രമീകൃതവും വ്യവസ്ഥിതവുമായ ശാസ്ത്രപഠനം എന്നൊക്കെ അര്‍ത്ഥം പറയാറുണ്ട്‌.


ലാറ്റിന്‍ ഭാഷയിലെ "സയന്റിയ" എന്ന വാക്കില്‍നിന്നാണ്‌ സയന്‍സ്‌ എന്ന വാക്ക്‌ വന്നിട്ടുള്ളത്‌. അറിവിന്റെ സുനിശ്ചിതത്വത്തെയാണ്‌ സയന്റിയ എന്ന വാക്കുകൊണ്ട്‌ ലാറ്റിന്‍ ഭാഷയില്‍ ഉദ്ദേശിക്കുന്നത്‌. 'ദ ഹാര്‍പര്‍ എന്‍സൈക്ലോപീഡിയ ഒഫ്‌ സയന്‍സ്‌' എന്ന പുസ്തകത്തില്‍ സയന്‍സിനുണ്ടായിരിക്കേണ്ട ചില സവിശേഷതകള്‍ എടുത്തു പറയുന്നു.

1) അത്‌ വ്യവസ്ഥയുള്ള അറിവിനെ അവതരിപ്പിക്കുന്നതാണ്‌.
2) അത്‌ സത്യമെന്നു പ്രഖ്യാപിക്കുന്നത്‌ തെളിയിക്കുവാനോ നിരീക്ഷിക്കുവാനോ കഴിയുന്നതായിരിക്കണം.

സയന്‍സില്‍ രണ്ട്‌ മുഖ്യഘടകങ്ങള്‍ വരുന്നു. ഒന്ന്, പദാര്‍ത്ഥനിര്‍ണ്ണയം ചെയ്യുക എന്നതാണ്‌. വേറൊന്ന്, ഗണിതപരമായ മീമാംസകൊണ്ട്‌ വിശ്ലേഷണം ചെയ്തു മനസ്സിലാക്കാന്‍ കഴിയുന്നതായിരിക്കുക എന്നതും.

സാങ്കേതിക പ്രതീകങ്ങള്‍കൊണ്ട്‌ വിശദീകരിക്കാവുന്ന ഒരു സംവിധാനം അതിനുണ്ടായിരിക്കണം. നിരീക്ഷണ പ്രധാനമായിരിക്കുന്ന ഐന്ദ്രികവിഷയങ്ങളെ വിസ്തരമായി വ്യവച്ഛേദിച്ചു പറയുവാന്‍ പോരുന്ന ലക്ഷണയുക്തമായ പ്രസ്താവങ്ങള്‍ അതിലുണ്ടായിരിക്കണം. ഭൗതികശാസ്ത്രം എന്നു പറയാവുന്ന ശാസ്ത്രവിഭാഗത്തില്‍ അന്വേഷണത്തിന്‌ സാര്‍വത്രികമായി സ്വീകരിച്ചിട്ടുള്ള ഒരു രീതിവിധാനമുണ്ടായിരിക്കണം. പ്രകൃതിയുടെ ഘടനാസ്വരൂപത്തിലും പ്രവര്‍ത്തനസമ്പ്രദായത്തിലും നിരീക്ഷിക്കപ്പെടാവുന്ന സാമാന്യതത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും ശാസ്ത്രപഠനം പൊരുത്തപ്പെട്ടു പോകണം. ശാസ്ത്രസത്യമായി അഭ്യൂഹനം ചെയ്യപ്പെടുന്ന ഏതു വസ്തുതയും തെളിവുകൊണ്ട്‌ സ്ഥാപിക്കപ്പെടേണ്ടതോ തെളിവിന്റെ നീഷേധംകൊണ്ട്‌ നിഷേധിക്കപ്പെടാവുന്നതോ ആയിരിക്കണം. ഒരഭ്യൂഹനം പൂര്‍ണ്ണമായി തെളിയിക്കപ്പെടന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ സ്ഥാനത്ത്‌ അവരോധിക്കപ്പെടാന്‍ യോഗ്യതയുള്ള വേറൊരു അഭ്യൂഹനമില്ലെങ്കില്‍ അങ്ങനെ ഒന്ന് കണ്ടെത്തുന്നതുവരെ ഈ അഭ്യൂഹനത്തെ താത്ത്വിക സമ്മതിയുള്ളതായി എണ്ണാവുന്നതാണ്‌. ശാസ്ത്രീയമായ അനുഭവം ഒരു സ്വകാര്യവ്യക്തിയുടെയോ സമൂഹത്തിന്റെയോ മാത്രമായിരുന്നാല്‍ പോരാ. ലോകത്തെവിടെയും അന്വേഷണബുദ്ധിയുള്ള ഒരാള്‍ക്ക്‌ വേണ്ടത്ര ഉപാധികളെയും ഉപരണങ്ങളെയും അന്വേഷണത്തിനുള്ള ത്വരയെയും സമാര്‍ജിക്കുവാന്‍ കഴിഞ്ഞാല്‍ ശാസ്ത്രീയമെന്നെണ്ണപ്പെടുന്ന ഏത്‌ അഭ്യൂഹനവും പരീക്ഷണത്തിന്‌ വിധേയമാക്കാന്‍ കഴിയണം.

3 comments:

താരാപഥം said...

ചിലപ്പോഴെങ്കിലും അശാസ്ത്രീയമായ ശാസ്ത്രീയത അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സ്വയം ചോദിക്കാറുണ്ട്‌ "എന്താണ്‌ ശാസ്ത്രം" എന്ന്. അന്വേഷണങ്ങളുടെ ഇടയില്‍ എനിക്കു കിട്ടിയ ഈ ചെറിയ അറിവ്‌ നിങ്ങളുമായി പങ്കുവെക്കുന്നു. കൂടുതല്‍ അറിവുകള്‍ തിരിച്ചു കിട്ടാന്‍ കാത്തിരിക്കുന്നു.

Unknown said...

നന്നായിട്ടുണ്ട് . കുറച്ചുകൂടി ലളിതവും സമഗ്രവുമാക്കാന്‍ ശ്രദ്ധിക്കുമല്ലോ ....
ആശംസകളോടെ,

chithrakaran ചിത്രകാരന്‍ said...

പ്രിയ താരാപഥം,
നല്ല ഉദ്ദ്യമം. ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം,കുറഞ്ഞതുകോണ്ടോ അശാസ്ത്രീയതയുടെ പളപളപ്പ് കൂടിയതുകൊണ്ടോ.. എന്തോ നമ്മുടെ സമൂഹത്തില്‍ ഇരുട്ടിനു സാന്ദ്രത കൂടിവരികയാണ്. താങ്കളെപ്പോലുള്ള സുമനസ്സുകളുടെ ഇടപെടല്‍ പ്രതീക്ഷയുടെ വെളിച്ചമായി ചിത്രകാരന്‍ മനസ്സിലാക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!!!!!!!