Tuesday, October 9, 2007

യുക്തിവാദം ഒരു സാമാന്യ തത്ത്വം:

ഒരാള്‍ ഈശ്വരന്‍ ഉണ്ടെന്നു പറയുമ്പോഴും മറ്റൊരാള്‍ ഇല്ലെന്നു പറയുമ്പോഴും, പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ പറയുന്നപോലെ തോന്നും. സൂക്ഷ്മമായി ചിന്തിക്കാത്തതുകോണ്ടാണ്‌ വൈരുദ്ധ്യം ഉള്ളതായി തോന്നുന്നത്‌.

ദൈവം ഉണ്ടെന്നു പറയുന്നവരും ഇല്ലെന്നു പറയുന്നവരും ഇന്നത്‌ സത്യം, ഇന്നത്‌ സത്യമല്ല എന്നു തീരുമാനിക്കുന്നതിന്‌ അവരുടെ മനസ്സില്‍ ഒരു മാനദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ആ മാനദണ്ഡത്തിന്‌ പരിപൂര്‍ണ്ണത നല്‍കുന്ന ആശയങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനത്തെ ദൈവം എന്നു വിളിക്കുന്നവര്‍, ദൈവം ഉണ്ടെന്ന് സിദ്ധാന്തിക്കുന്നു. തന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പരിപൂര്‍ണ്ണ സത്യത്തെ വികലമാക്കുവാനിടയുള്ള ധാരണകളും വിശ്വാസങ്ങളും ആശയങ്ങളും പ്രതിരൂപങ്ങളും എടുത്തുകാട്ടി, അങ്ങനെയുള്ള വികലഭാവങ്ങളെ ദൈവം എന്നു വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ പരമാര്‍ത്ഥത്തിന്‌ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലാത്ത സത്യശീലന്മാര്‍ അപ്രകാരമുള്ള ദൈവം ഉണ്ടായിരിക്കുവാന്‍ ഇടയില്ലെന്ന് വാശിപിടിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് പറയുന്നവരും ഇല്ലെന്ന് പറയുന്നവരും സത്യത്തെത്തന്നെയാണ്‌ അവരുടെ മാനദണ്ഡമായി എണ്ണിപ്പോരുന്നത്‌.

നിഷ്പക്ഷമായി നോക്കിക്കാണുന്നപക്ഷം, ഒരാളുടെ ജീവിതകാലത്തിലെ ഒരു ഘട്ടംവരെയുള്ള സങ്കീര്‍ണ്ണമായ ആശയസംവിധാനത്തിന്റെയും, ബുദ്ധിപരമായും വൈകരികമായും അയാള്‍ക്കുണ്ടായിട്ടുള്ള വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും തിരുത്തലുകളുടെയും പുനഃസംവിധാനത്തിന്റെയും ഒക്കെ ആകെത്തുകയാണ്‌ അയാളുടെ അഭിപ്രായമെന്നും, ആ മനസ്സിന്‌ ആ പരിതസ്ഥിതിയില്‍ അങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേരുവാനേ കഴിയുകയുള്ളു എന്നും പറയുവാന്‍ സധിക്കും.



(കടപ്പാട്‌ : നിത്യചൈതന്യ യതിയുടെ ലേഖനങ്ങള്‍ക്ക്‌)

16 comments:

ചന്ദ്രകാന്തം said...

അതെ.. തികച്ചും സത്യം..!!!
ഓരോ നിഗമനങ്ങളും, അവരവരുടെ ചിന്തകളുടെ വഴികളും, അതിന്റെ പരിമിതികളും ഒക്കെ ആശ്രയിച്ചിരിയ്ക്കും.

" നമുക്കു നാമേ പണിവതു നാകം......."

താരാപഥം said...

ബോഗ്‌ ലോകത്തിലെ ബ്ലൊഗാക്കളുടെ ദൈവസങ്കല്‍പ്ത്തെയും യുക്തിവാദത്തെയും മുന്‍നിര്‍ത്തിയുണ്ടായ അസഹിഷ്ണുതാപരമായ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ തോന്നിയതാണ്‌ ഇങ്ങനെയൊന്ന് എഴുതാന്‍.

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞു പാമരന്മാ-
രലവതുകണ്ടലയാതമര്‍ന്നിടേണം.
(ശ്രീനാരായണ ഗുരുദേവന്‍)

താരാപഥം said...

വിചാരസ്വാതന്ത്യം ആരും ആര്‍ക്കും അനുവദിച്ചു കൊടുക്കേണ്ടതാണ്‌. പക്ഷെ വാദിക്കുന്നവരാരും ഇക്കാര്യം കണക്കിലെടുക്കുന്നില്ല. 1924ല്‍ ആലുവയില്‍ ഗുരുദേവന്‍ ഒരു സര്‍വ്വമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ കവാടത്തില്‍ എഴുതിവെച്ചിരുന്നതാണിത്‌. "വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്‌."

Unknown said...

യുക്തിവാദികള്‍ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരല്ല . പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമെല്ലാം മുന്‍‌വിധികളില്ലാതെ യുക്തിസഹമായി ചിന്തിക്കുന്നു എന്ന് മാത്രം . ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ , ഇന്നയിന്ന കാരണങ്ങള്‍ കൊണ്ട് ദൈവം ഉണ്ട് എന്ന് വിശ്വാസികള്‍ പറയുന്നത് യുക്തിസഹമല്ലാത്തത് കൊണ്ട് അങ്ങിനെയൊരു ദൈവം ഇല്ല എന്ന് യുക്തിവാദികള്‍ പറയുന്നു.

ഉണ്ട് എന്ന് ദൈവം സ്വയം വെളിപ്പെടുന്നുമില്ല,അതെന്താണെന്ന് വിശ്വാസികള്‍ക്ക് ബോധ്യപ്പെടുന്നുമില്ല . പ്രപഞ്ചത്തിനതീതമായി എന്തോ ഒരു ശക്തി ഉണ്ട് എന്നാണ് വിശ്വാസികള്‍ അന്തിമമായി പറയുന്നത് . ആ "എന്തോ ഒന്ന് " എങ്ങിനെ സത്യമാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും ?

(ഓ.ടോ)യുക്തിവാതം എന്ന പ്രയോഗം അക്ഷരത്തെറ്റ് ആയിരിക്കും അല്ലേ ?

R. said...

സമാനമായ ഒരു കമന്റ് മുടിയനായ(അല്ലാത്ത) പുത്രന്റെ "മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍ - 7" എന്ന പോസ്റ്റില്‍ ഇട്ടിരുന്നു.

Ralminov റാല്‍മിനോവ് said...

യതി, ഗുരുദേവന്‍ തുടങ്ങിയ മനുഷ്യരുടെ അഭിപ്രായങ്ങള്‍ സ്വന്തം അഭിപ്രായരൂപീകരണത്തിനു് സ്വീകരിക്കുന്നതു് കൊള്ളാം. പക്ഷെ, അതു് മറ്റൊരു മതമാക്കി മാറ്റരുതു്. ചിന്ത അവനവനും ആവാം. ആവണം.

Murali K Menon said...

ദൈവമേ, ഞാനൊരു യുക്തിവാദിയാണെന്ന സത്യം ഇവര്‍ എന്താണു വിശ്വസിക്കാത്തത്. ഇന്നലെയും യുക്തിവാദി സംഘടനയുടെ മീറ്റിംഗിന്റെ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ മഴ പെയ്ത് പോസ്റ്ററൊക്കെ നാശമായി. അതിനുമാത്രം കാശില്ലാത്ത സംഘടനയണെന്ന് ദൈവമേ നീയെന്തേ മനസ്സിലാക്കുന്നില്ല. ഈശ്വരാ ഇന്നെങ്കിലും മഴ പെയ്യാതിരുന്നാല്‍ ഈ ഒട്ടിക്കുന്ന പോസ്റ്ററെങ്കിലും നില നില്‍ക്കുകയും ആളുകള്‍ ക്ഷേത്രത്തില്‍ പോയി മടങ്ങി വരുമ്പോഴെങ്കിലും മീറ്റിംഗിനു വരികയും ചെയ്യുമല്ലോ!

ps: യുക്തിവാദി യുക്തിവാതിയായി മാറുന്നതെങ്ങനെ? യുക്തിവാദി ഒരുപാടു നേരം കൈ ബലം കൊടുത്ത് ഊന്നി ഊന്നി ദൈവമില്ലെന്ന് പറയുമ്പോള്‍ കൈക്ക് വാതം പിടിക്കുന്നു. അങ്ങനെ യുക്തിവാദി യുക്തിവാതിയായ് തീരുന്നു.
താരാപഥം ക്ഷമിക്കുക എന്റെ കമന്റിന്... യുക്തിവാദത്തെക്കുറിച്ച് എനിക്കിങ്ങനെയൊക്കെ എഴുതാനേ പറ്റൂ

യുക്തിവാദി said...

എന്റെ ദൈവനിരാസചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ദൈവം പോയിട്ട്, ഞാന്‍ തന്നെ ഇവിടെ ഇല്ലാതായി.

ഞാന്‍ തന്നെ ആവിയാവുന്ന എന്റെ യുക്തിചിന്തകളേ നീ മാ‍ത്രം ശാന്തി.

G Joyish Kumar said...

For an interesting reading - Human = Computer God?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് പറയുന്നവരും ഇല്ലെന്ന് പറയുന്നവരും സത്യത്തെത്തന്നെയാണ്‌ അവരുടെ മാനദണ്ഡമായി എണ്ണിപ്പോരുന്നത്‌
ഒന്നും മനസ്സിലയില്ല. എന്നാലും വയിക്കാന്‍ നല്ല സുഖം ഉണായിരുന്നു.

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

haneesh said...

ജീവിക്കാന്‍ ഒന്നിലും വിശ്വസിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ പലതിലും വിശ്വസിക്കേണ്ടിയും വരും. അതുകൊണ്ട് രസം ചര്‍ച്ച തന്നെ.

വലിയവരക്കാരന്‍ said...

പ്രിയ താരാപഥം, ബ്ലോഗ്‌ ലോകത്ത്‌ പുതിയ ആളാണ്‌. കമന്റിനുള്ള മറുപടി എവിടെ എഴുതണം? കമന്റിനു താഴെയോ അതോ അയച്ച ആളുടെ ബ്ലോഗ്‌ പോസ്റ്റിന്‍ ചുവട്ടിലോ?

സുജനിക said...

നല്ല ബ്ളോഗ്.ഇതുപോലുള്ള സംഗതികള്‍ക്കു ഒരു ഈടം അവശ്യം തന്നെ.കഥയും കവിതയും മാത്രമല്ല നമുക്കാവശ്യം.ചിന്തയും വേണം.നല്ല ശ്രമം.തുടരൂ.
പിന്നെ യതിയുടേതുപോലുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം അതിന്റെ താഴെ സ്വന്തം മനസ്സിലാക്കലുകളും ചേര്‍ത്താല്‍ ഉഷാറാവും.നന്നായി.

ഭൂമിപുത്രി said...

സ്വന്തംയുക്തി അനുസരിച്ചു ദൈവസങ്കല്‍പ്പത്തിനെ
നിരാകരിക്കുകയോ സ്വീകരിക്കുകയോ ആകാമെന്നു പറഞ്ഞാല്‍ അതുതന്നെയല്ലേ യുക്തിവാദം?

വേണു venu said...

യുക്തിവാദം യുക്തി ഉപയോഗിച്ചും ഉദാഹരണങ്ങളെ കാട്ടിയും അല്ലെ സ്ഥിരീകരിക്കപ്പെടുന്നതു്. യുക്തികള്‍‍ തകിടം മറിയുന്ന ചില അനുഭവങ്ങള്‍ക്കു് വിശദീകരണമില്ലാതെ യുക്തി കുഴങ്ങുന്നതു കാണുമ്പോള്‍ പലപ്പോഴും തോന്നുന്നു ഈ യുക്തിയ്ക്കും അപ്പുറവും മറ്റെന്തോ ഒക്കെ യുക്തി തന്നെ ഉണ്ടെന്നു്.:)