Saturday, December 1, 2007

വിഹിത കര്‍മ്മങ്ങളും ഇഷ്ടാപൂര്‍ത്തവും

എന്തത്യാഹിതം കേട്ടാലും അമ്മൂമ്മ പറയും "കര്‍മ്മഫലം" അല്ലാതെന്താ പറയ്‌യാ. മുന്‍പ്‌ ഓരോരുത്തര്‌ ചെയ്തുവെച്ചതാണ്‌ അവരിപ്പോള്‍ അനുഭവിക്കുന്നത്‌, "മുന്‍ജന്മപാപം". അച്ഛന്‍ പലപ്പോഴും പറയുന്നത്‌ കേള്‍ക്കാം, അവന്റെ കാര്‍ന്നോമ്മാര്‌ സമ്പാദിച്ചതോണ്ട്‌ അവന്‌ അനുഭവിക്കാറായി, "മുന്‍ജന്മസുകൃതം". ഇവിടെ പല തരത്തിലുള്ള കര്‍മ്മഫലങ്ങള്‍ കാണുന്നു. കര്‍മ്മങ്ങള്‍ക്കും പ്രത്യേകതകള്‍ ഉണ്ടെന്നല്ലെ അതിനര്‍ത്ഥം.

പഞ്ചകര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടുള്ള പ്രവൃത്തികള്‍ മാത്രമല്ല കര്‍മ്മം എന്നും മനസ്സിലാവുന്നു. ഞാന്‍ അന്വേഷിച്ചുപോയ കര്‍മ്മത്തിന്റെ വഴികളിലൂടെ ഒരെത്തിനോട്ടം.

ഫലത്തെ ഉണ്ടാക്കുവാന്‍ കഴിയാത്ത കര്‍മ്മം കര്‍മ്മമാകുന്നില്ല. അത്‌ ഒരു സംഭവം മാത്രമെ ആകുന്നുള്ളൂ. ശ്വാസോച്‌ഛ്വാസം മുതല്‍ ഭഗീരഥ പ്രയത്നം വരെയുള്ള എല്ലാ പ്രവര്‍ത്തികളെയും "കര്‍മ്മം" എന്നു പറയുന്നു. ഒരാളുടെ ഇച്ഛയുടെ നിവൃത്തിക്കായി ചെയ്യുന്നതിനെയും കര്‍മ്മമെന്നു പറയുന്നു. ഈ പ്രപഞ്ചത്തെ ആകെ നില നിറുത്തി പോരുന്ന ഏതോ സംവിധാന രഹസ്യത്തെയും കര്‍മ്മമെന്നു വിളിക്കുന്നു. കാര്യ കാരണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേവലതത്ത്വമായും കര്‍മ്മത്തെ പറഞ്ഞു കേള്‍ക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ അധികംപേരും ജീവിതത്തെ ഭൂമണ്ഡലത്തില്‍ ഒരു കാലയളവില്‍ ഉണ്ടായി വികസിച്ചു മറഞ്ഞുപോകുന്ന ഒരു സംഭവമായി കരുതുമ്പോള്‍, ഭാരതീയരാകട്ടെ അതിനെ പരസഹസ്രം ജനനങ്ങളില്‍ കൂടി കടന്നുപോകുന്ന ദീര്‍ഘവും നിരന്തരവുമായ ഒരു പ്രവാഹമായി മനസ്സിലാക്കുന്നു.

കര്‍മ്മത്തെ (പ്രവൃത്തിയെ) കര്‍മ്മമെന്നും, വികര്‍മ്മമെന്നും, അകര്‍മ്മമെന്നും മൂന്നായി തരം തിരിക്കാം. കര്‍മ്മത്തിനെ സാധാരണയായി നിത്യകര്‍മ്മം, നിയതകര്‍മ്മം, നൈമിത്തികകര്‍മ്മം, നിഷിദ്ധകര്‍മ്മം, കാമ്യകര്‍മ്മം എന്നെല്ലാം പൊതുവായി പറഞ്ഞുവരുന്നു.ഇതില്‍തന്നെ നിത്യകര്‍മ്മവും നിയതകര്‍മ്മവും നൈമിത്തികര്‍മ്മവും പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച്‌ ശരീരസന്ധാരണത്തെ നിലനിര്‍ത്തുന്നതിനായിട്ടും ലോകത്തിന്റെ ഉയര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടും ചെയ്യുന്നതാകയാല്‍ അതിനെയെല്ലാം വിഹിതമായ കര്‍മ്മമെന്നു പറയുന്നു.

വേറൊരാളെക്കൊണ്ട്‌ ചെയ്യിക്കാന്‍ പറ്റാത്തതും പിന്നെയൊരു സമയത്തേക്ക്‌ മാറ്റിവെക്കാന്‍ സധിക്കാത്തതുമായ, ദിവസവും ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളെ "നിത്യ കര്‍മ്മങ്ങള്‍" എന്നു പറയുന്നു. അവ ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം എന്നിവയാണ്‌. അത്‌ ചെയ്യാത്തപക്ഷം, ശരീരം രോഗഗ്രസ്തമാവുകയും ജീവിതംതന്നെ അസാദ്ധ്യമായിത്തീരുകയും ചെയ്യും.

ജീവസന്ധാരണത്തിനുവേണ്ടി ദിവസവും കര്‍ത്തവ്യമായി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളെ "നിയത കര്‍മ്മങ്ങള്‍" എന്നു പറയുന്നു. കൃഷി, അദ്ധ്യാപനം, ചികിത്സ, വ്യവസായശാലകളിലെയും, കമ്പനികളിലെയും ജോലികള്‍ തുടങ്ങിയവ അതില്‍ പെടുന്നു. സ്വധര്‍മ്മത്തിന്റെ സാക്ഷാത്‌കാരത്തിനുള്ള ഉപായങ്ങളായതുകൊണ്ട്‌ അവ ചെയ്യാതിരിക്കുന്നത്‌ തന്നോട്‌ തന്നെ കാണിക്കുന്ന അനീതിയാകുന്നു.

ചിലപ്പോള്‍ പ്രത്യേകമായ ചുറ്റുപാടിനു വിധേയമായി ചെയ്യേണ്ടിവരുന്ന ആനുഷംഗികമായ കര്‍മ്മങ്ങളെ "നൈമിത്തിക കര്‍മ്മങ്ങള്‍" എന്നു പറയുന്നു. അതിന്‌ സാമൂഹികമായ പ്രാധാന്യം ഉള്ളതുകൊണ്ട്‌ സമൂഹജീവിയായ മനുഷ്യന്‌ അതില്‍നിന്നും മാറിനില്‌ക്കാന്‍ കഴിയില്ല.

സ്വന്തം വ്യക്തിത്വത്തിനോടും മറ്റുമുള്ളവരോടും നിഷേധാത്മകത കാണിക്കുന്നതും അവനവന്റെ ശ്രേയസ്സിനെതന്നെ കെടുത്തുന്നതുമായ കര്‍മ്മങ്ങളെ "വികര്‍മ്മങ്ങള്‍" എന്നു പറയുന്നു.

സ്വധര്‍മ്മത്തില്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്ന അവസ്ഥയെ "അകര്‍മ്മം" എന്നും പറയുന്നു. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നതും ഒരു കര്‍മ്മമാണ്‌. മഹാത്മാഗന്ധി അത്തരം കര്‍മ്മങ്ങള്‍ പലപ്പോഴും പരീക്ഷിച്ചിട്ടുള്ളത്‌ നമുക്കെല്ലാം അറിയാവുന്നതണ്‌.

ചെയ്യാന്‍ പാടില്ലെന്നു വിലക്കിയിട്ടുള്ള കര്‍മ്മങ്ങളെ "നിഷിദ്ധകര്‍മ്മങ്ങള്‍" എന്നു പറയുന്നു. സദാചാര മൂല്യങ്ങളില്ലാത്ത, സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികളാണ്‌ ഇതില്‍ പെടുന്നത്‌.

പ്രത്യേക കാര്യത്തിന്റെ സാഫല്യത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങളെ "കാമ്യകര്‍മ്മങ്ങള്‍" അഥവാ ഇഷ്ടാപൂര്‍ത്തം എന്നു പറയുന്നു.
നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള അന്നദാനം, സമൂഹസദ്യ, സത്രം, അനാഥാലയം, ആരാധനാലയം എന്നിവ നിര്‍മ്മിക്കുക, സ്വര്‍ണ്ണക്കിരീടം ക്ഷേത്രവാതില്‍ തുടങ്ങിയ വഴിപാടുകള്‍ കര്‍മ്മയോഗത്തിന്റെ ഭാഗമായി ചിലരൊക്കെ ചെയ്തുപോരുന്നുണ്ട്‌. മോക്ഷം കിട്ടുമെന്നോ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുമെന്നോ കരുതിയാണ്‌ പലരും ഇഷ്ടാപൂര്‍ത്ത കര്‍മ്മങ്ങള്‍ നടത്തിപോരുന്നത്‌. എന്നാല്‍, പ്രതിഫലം ഇച്ഛിക്കാതെ ചെയ്യുന്ന ഇഷ്ടാപൂര്‍ത്തകര്‍മ്മങ്ങളെ മാത്രമേ നിഷ്കാമകര്‍മ്മങ്ങള്‍ ആയി പരിഗണിയ്ക്കാനാവൂ.

9 comments:

താരാപഥം said...

മോക്ഷം കിട്ടുമെന്നോ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കുമെന്നോ കരുതിയാണ്‌ പലരും ഇഷ്ടാപൂര്‍ത്ത കര്‍മ്മങ്ങള്‍ നടത്തിപോരുന്നത്‌.
പരിമിതമായ അറിവുകള്‍ വെച്ചുള്ള ഒരു സാഹസമണിത്‌. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ ഇനിയും എഴുതുമല്ലോ.

നാട്ടു പ്രമാണി. said...

കര്‍‌മ്മങ്ങളെ പറ്റിയുള്ള ഈ അന്വേഷണം നന്നായിരിക്കുന്നു.

ഇത്തരം വേറിട്ടു നില്‍ക്കുന്ന posts നന്ദി.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല പോസ്റ്റ്. ഇതിനെക്കുറിച്ചൊന്നും ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല.

chithrakaran ചിത്രകാരന്‍ said...

കാലഹരണപ്പെട്ട കര്‍മ്മ ചിന്തകള്‍...
റെഫറന്‍സിനായി സൂക്ഷിക്കുന്നത് നല്ലതുതന്നെ.

Murali K Menon said...

:)

ഭൂമിപുത്രി said...

ഈ കറ്മ്മപാഠങ്ങള്‍ പുതിയ അറിവുകളായിരുന്നു
നന്ദി!

താരാപഥം said...

ഇവിടെ വന്ന്‌ വായിച്ചവര്‍ക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച്‌, അഭിപ്രായം പറഞ്ഞ നാട്ടുപ്രമാണി, വാത്മീകി, ചിത്രകാരന്‍, മുരളീ മേനോന്‍, ഭൂമിപുത്രി എന്നിവര്‍ക്ക്‌ എന്റെ ആത്മാര്‍ഥമായ സന്തോഷം അറിയിക്കുന്നു.

ഇതെല്ലാം കാലഹരണപ്പെട്ട ചിന്തകളാണെന്ന അഭിപ്രായം ചിത്രകാരന്‌ ഉണ്ടാകാം.
ഇനി, ഇതിലൊന്നും പെടാത്ത പുതിയ കര്‍മ്മകാണ്ഡങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഉണ്ടെങ്കില്‍ അവ എല്ലാവര്‍ക്കും വേണ്ടി പങ്കുവെയ്ക്കാനുള്ള സന്മനസ്സ്‌ ഉണ്ടാവട്ടെ.

ഇക്കാലത്ത്‌ പലര്‍ക്കും താല്‌പര്യമുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍, കൊലപാതകം, കുതികാല്‍വെട്ട്‌, തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ "ആധുനിക ശാസ്ത്രീയ" കര്‍മ്മങ്ങളുടെ പട്ടികയില്‍ പെടുന്നുണ്ടോ?
അങ്ങനെയാണെങ്കില്‍ക്കൂടി, അവയുടെ അടിസ്ഥാന വിഭാഗങ്ങള്‍ ഇതൊക്കെത്തന്നെയല്ലേ?

കയ്യെഴുത്ത് said...

നന്നായിരിക്കുന്നു.
തുടര്‍ന്നും എഴുതുക.
വല്ലപ്പോഴും ഇതുപോലുള്ള പോസ്റ്റ് കാണുമ്പോള്‍ ആശ്വാസം തോന്നുന്നു.
ചിത്രകാരനോട് നമുക്കു സഹതപിക്കാം.

സസ്നേഹം,
മിനീഷ് ബാ‍ബു
mineeshvk@gmail.com

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്നായിരിക്കുന്നു. ഇനിയും വിശദമായി എഴുതുക.
കര്‍മ്മത്തെ നല്ലത്‌ ചീത്ത - അഥവ പുണ്യം പാപം എന്നിങ്ങനെ തിരിക്കുവാന്‍ സാധിക്കുകയില്ല.
കാരണം കര്‍മ്മം എന്നത്‌ neutral ആണ്‌. അതു ചെയ്യുന്ന ആളിന്റെ മനോഭാവം ആണ്‌ അതിനെ പുണ്യമോ പാപമോ ഒക്കെ ആക്കുന്നത്‌. ഉദാഹരണത്തിന്‌ ഒരാളെ അടിക്കുന്നു എന്നു വയ്ക്കുക- വിശന്നു വരുന്ന ഒരു കുട്ടി ഒരു അഹാരസാധനം എവിടെ എങ്കിലും കണ്ടിട്ട്‌ അതെടുക്കുവാന്‍ ശ്രമിച്ചാല്‍ അത്‌ അവന്റേതല്ല എന്ന കാരനത്തിന്‌ അവനേ അടിക്കുന്നതും, ഭാര്യയുമൊത്ത്‌ റോഡില്‍ കൂടി പോകുമ്പോള്‍ ഭാര്യയെ കയറി പിടിക്കുന്ന ഒരുത്തന്റെ ചെകിട്ടത്ത്‌ ഒന്നു പൊട്ടിക്കുന്നതും ഉദാഹരിച്ചു നോക്കുക. രണ്ടും അടി ആണ്‌ പക്ഷെ ഒന്നു നല്ലതും മറ്റത്‌ ചീത്തയും അല്ലേ?
ഇനിയും എഴുതുക