Friday, December 28, 2007

സൃഷ്ടിയും സ്രഷ്ടാവും

മനുഷ്യനെ സൃഷ്ടിച്ച്‌ കരുതിക്കൂട്ടി വഞ്ചന നിറഞ്ഞ വഴികളില്‍കൂടി നടത്തി, നിത്യനരകത്തിലേക്ക്‌ എന്നെന്നേക്കുമായി ഇടണമെന്ന് ഒരു ശക്തി ഇച്ഛിക്കുന്നെങ്കില്‍ അതിനെ ഒരിക്കലും ഈശ്വരനെന്നു കരുതാനാവില്ല.

സൃഷ്ടാവിന്‌ തന്റെ സൃഷ്ടികളുടെ അഭ്യുദയത്തില്‍ തീരെ താല്‌പര്യമില്ലെന്നുണ്ടോ. ക്രിസ്ത്യാനികളുടെ ശൈത്താനും, ഇസ്ലാമിലെ ഇബിലീസിസും ദൈവ സൃഷ്ടിയില്‍ പെട്ടതു തന്നെയാണ്‌. ദൈവം ഒരേയൊരു സൃഷ്ടാവായിരിക്കുമ്പോള്‍ തിന്മയുടെ കാരണമേത്‌ ? സകല നന്മയുടെയും ജ്ഞാനത്തിന്റെയും പരിപൂര്‍ണ്ണ നിധിയായ ദൈവത്തിന്‌ എങ്ങനെ തന്റെ സ്വന്തം സൃഷ്ടിയില്‍ തിന്മയെ പൊറുപ്പിക്കുവാന്‍ കഴിയും ? ഈ ചോദ്യം പല മതങ്ങളിലും മുഴങ്ങികേള്‍ക്കാറുണ്ട്‌. വേദാന്തത്തില്‍ ഇതിന്‌ ഒരു ഉത്തരം സാധാരണയായി പറഞ്ഞുകേള്‍ക്കുന്നു.
'സൃഷ്ടിയും സ്‌ഥിതിയും പ്രലയവും' പ്രാതിഭാസികമായ മായയില്‍ ഉള്‍പ്പെടുന്നതുകൊണ്ട്‌ പരമാര്‍ത്ഥമായ ദൈവത്തിന്‌ തിന്മയോട്‌ യാതൊരു സംബന്ധവുമില്ല.

"ഏതദ്‌ യോനീനി ഭൂതാനി സര്‍വ്വാണീത്യുപധാരയ
അഹംകൃത്സ്‌നസ്യ ജഗതഃപ്രഭവഃ പ്രലയസ്തഥാ."
(ഭ.ഗീ. 7-6)
[സമസ്തഭൂതങ്ങളും (പരാപരപ്രകൃതികളായ) ഈ യോനികളില്‍നിന്നാണെന്ന് അറിഞ്ഞാലും. ഇതു ഹേതുവായിട്ട്‌ (പരമാത്മാവായ) ഞാന്‍ സകലജഗത്തിനും ഉല്‌പത്തികാരണവും അപ്രകാരം തന്നെ ലയകാരണവുമാകുന്നു.]

സെമിറ്റിക്‌ മതങ്ങളില്‍ ഈശ്വരന്‍ ബോധപൂര്‍വ്വംതന്നെ സൃഷ്ടി കര്‍ത്തൃത്വം ഏറ്റെടുത്ത്‌ തന്റെ വാക്കുകൊണ്ട്‌ സകലതിനെയും സൃഷ്ടിക്കുന്നതായി പറയുന്നു. ഇവിടെ എല്ലാറ്റിന്റെയും പ്രലയവും പ്രഭവവും തന്നിലാണെന്ന് പറയുന്നതല്ലാതെ സ്വയം ഒരു സൃഷ്ടി നടത്തുന്നതായി പറയുന്നില്ല.

5 comments:

താരാപഥം said...

സൃഷ്ടിരഹസ്യങ്ങളുടെ പൊരുള്‍ തേടുന്നതിനിടയില്‍ കണ്ടെത്തിയ ചില വരികള്‍...

ദേവ് ദാസ് said...

ഗീതയില്‍
‘താനഹം ദ്വിഷത: ക്രൂരാന്‍ സംസാരേഷു നരാധമന്‍‘ എന്നാരംഭിക്കുന്ന ഒരു പദ്യശകലമുണ്ട് (അ:16, ശ്ലോ:19). അതില്‍ സൃഷ്ടിയില്‍ കൃത്യമായി ഇടപെടുന്ന ഒരു ഹൈന്ദവ ദൈവത്തെയല്ലേ കാണുന്നത് ?
ആ അദ്ധ്യായം മുഴുവനായും വായിക്കുമ്പോള്‍ കിട്ടുന്ന അര്‍ത്ഥവും തിന്മ ഈശ്വരസൃഷ്ടിയാണെന്നതു തന്നെ.
സാത്താനും ഇബിലീസിനുമൊക്കെ ഭാരതീയ രൂപങ്ങള്‍ എത്രയെത്രയുണ്ട്. അതൊന്നും താങ്കളുടെ കണ്ണില്‍ പെട്ടില്ലേ ?

വേദാന്തത്തിലെ “ഒരു” ഉത്തരം മാത്രമെടുത്തിട്ട്, ‘ദൈവത്തിന്‌ തിന്മയോട്‌ യാതൊരു സംബന്ധവുമില്ല‘ എന്നുറപ്പിക്കുന്നത് വ്യാഖ്യാന സര്‍ക്കസ് മാത്രമാണ്.
ഗീതയില്‍ ഭഗവാന്‍ ആത്യന്തികമായി പറയുന്നത് ‘നന്മ-തിന്മകള്‍ എന്നെ ബാധിക്കുന്നില്ല’ എന്നാണ്. അല്ലാതെ നന്മ-തിന്മകള്‍ എന്റെ സൃഷ്ടിയല്ല എന്നല്ല. (കൂട്ടത്തില്‍ ഫലേച്ഛയില്ലാത്ത കര്‍മ്മത്തിനെ നന്മ-തിന്മകള്‍ ബാധിക്കുന്നില്ലാ എന്നും കൃഷ്ണന്‍ വ്യക്തമാക്കുന്നു, പല ശ്ലോകങ്ങളില്‍, പല പല അധ്യായങ്ങളീലായി)

താങ്കള്‍ പ്രസ്താവിച്ചത് : “സെമിറ്റിക്‌ മതങ്ങളില്‍ ഈശ്വരന്‍ ബോധപൂര്‍വ്വംതന്നെ സൃഷ്ടി കര്‍ത്തൃത്വം ഏറ്റെടുത്ത്‌ തന്റെ വാക്കുകൊണ്ട്‌ സകലതിനെയും സൃഷ്ടിക്കുന്നതായി പറയുന്നു.”

ഇന്ത്യന്‍ സങ്കല്പങ്ങളില്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഫിലോസൊഫിക്കലായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സെമിറ്റിക് മതസങ്കല്‍പ്പത്തില്‍ സൃഷ്ടിരഹസ്യം വെളിവാക്കാന്‍ കുറച്ചുകൂടി graphic (ചിത്രകഥാരീതിയില്‍) ആയ ഭാവനയുപയോഗിച്ചിരിക്കുന്നു എന്നു കരുതുന്നതല്ലേ ഉചിതം ?
‘വചനത്തില്‍ നിന്നും സൃഷ്ടിപ്പു‘ നടന്നതിനെ ബ്രഹ്മാവിന്റെ സൃഷ്ടിരീതികളുമായി താരതമ്യം ചെയ്താല്‍ സാമ്യങ്ങളാണു വ്യത്യാസങ്ങളേക്കാള്‍ കൂടുതല്‍.

താരാപഥം said...

ദേവദാസ്‌,
നമ്മുടെതന്നെ തെറ്റുകള്‍ക്ക്‌ ദൈവത്തിനെ പഴിചാരി സ്വന്തം ശരീരവും മനസ്സും ശുദ്ധിയാക്കുന്ന ആത്മീയവാദത്തില്‍ നിന്നും മാറി ചിന്തിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. ആത്മീയതയില്‍ തന്നെ ഭൗതീകമായ വ്യാഖാനങ്ങള്‍ തേടി അലയുകയാണ്‌.

ഭ്‌.ഗീ. 16-19 ന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയത്‌,ഇങ്ങിനെയാണ്‌.
(ദ്വേഷിക്കുന്നവരായ, നിര്‍ദ്ദയന്മാരായ, വൃത്തിഹീനരായ, മനുഷ്യാധമന്മാരായ അവരെ സംസാരസന്ദര്‍ഭങ്ങളിലെ ആസുരികങ്ങളായ യോനികളില്‍തന്നെ ഞാന്‍ പിന്നെയും പിന്നെയും ക്ഷേപിക്കുന്നു.)
അതിന്റെ വ്യാഖാനം ഇങ്ങിനെ മനസ്സിലാക്കി : മനുഷ്യന്‍ ദൈവത്തിന്റെ ഉപകരണമാണെന്ന് പറയുന്നുണ്ടെങ്കിലും, യാന്ത്രികമായ ഉപകരണമല്ല. മനുഷ്യനില്‍ ആത്മാവുണ്ടെന്നു പറയുന്നു. അറിവിന്റെ പ്രകാശം. സ്വന്തം ബുദ്ധിയെയും വിവേകത്തെയും ചിന്തയെയും അഹങ്കാരത്തെയും അവലംബിച്ച്‌ അവന്‍ തന്നെയാണ്‌ സ്വകര്‍മ്മത്തെയും സ്വധര്‍മ്മത്തെയും സ്വഭാവത്തെയും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത്‌. അതില്‍ വീഴ്ചയുണ്ടാവുമ്പോള്‍ ഭവിഷ്യത്ത്‌ ഉണ്ടാകുന്നു. അതിനെ ശിക്ഷയെന്നു വിളിക്കുന്നത്‌ ആലങ്കാരികമായി എടുത്താല്‍ മതി. തെറ്റ്‌ ചെയ്യുമ്പോള്‍ ദുഃഖം ഉളവാക്കുന്ന പരിതഃസ്ഥിതിയുണ്ടാവുന്നു. അതിന്റെ ആധിക്യത്തെ നരകമെന്നു വിശേഷിപ്പിക്കുന്നു. നരകത്തിന്‌ മൂന്ന് വാതിലുകളുണ്ട്‌, അത്‌ കാമം, ക്രോധം, ലോഭം എന്നിവയാണ്‌. ഗുണത്രയത്തിലെ 'രജോഗുണ' ത്തില്‍ നിന്നുണ്ടായ കാമവും ക്രോധവും ആണ്‌ മനുഷ്യനെ മഹാപാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. അതില്‍ ദൈവത്തിന്‌ പങ്കില്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
(F.W. റോബര്‍ട്ട്‌സണ്‍ - മനസ്സിന്റെ ഇരുണ്ടമേഖല തന്നെയാണ്‌ നരകമെന്ന് അഭിപ്രായപ്പെടുന്നു.)

ദേവ് ദാസ് said...

തീര്‍ച്ചയായും യോജിക്കുന്നു താരാപഥം.

കര്‍മ്മത്തിനു പിന്നിലെ ഇച്ഛയാണ്, അല്ലെങ്കില്‍ അതിനെ ഭരിക്കുന്ന മനോഭാവമാണ് അതിന് അര്‍ത്ഥം നല്‍കുന്നതെന്ന ഭാരതീയ സങ്കല്‍പ്പം മനോഹരമാണ്. നന്മ-തിന്മകള്‍ തികച്ചും ആപേക്ഷികമാണെന്ന് ഇതിലും ഭംഗിയായി മറ്റെവിടെയും പറഞ്ഞിട്ടുണ്ടാവില്ല. പരമാത്മചൈതന്യമെന്നോ ഊര്‍ജ്ജത്തിന്റെ ആത്യന്തിക സ്രോതസ്സെന്നോ ഒക്കെ വിശ്വാസികളും അവിശ്വാസികളും വിളിക്കുന്ന ശക്തിയെ ഈ നന്മയും തിന്മയും ബാധിക്കുന്നേയില്ല. മനുഷ്യരോ മൃഗങ്ങളോ ദേവന്മാരോ ഒക്കെയായി ജന്മമെടുക്കുന്ന (അതേ പരമാത്മാവിന്റെ ഭാഗമായ) ജീവാത്മാക്കള്‍ ആ പരമാത്മാവിനെ ധ്യാനിച്ചും പൂജചെയ്തും വഴിപാടു നേര്‍ന്നും ജീവിച്ചുകൊള്ളണമെന്ന് പറയുന്ന വിശ്വാസം തന്നെ വിഡ്ഡിത്തമാണെന്ന് ഗീത ഉദ്ഘോഷിക്കുന്നു (അ:7,ശ്ലോ:20-23.) ഭാഗവതവും (2.3.10) അതു തന്നെ പറയുന്നു.
നിസ്സാരങ്ങളായ ആഗ്രഹങ്ങളാല്‍ പ്രേരിതരായി അതു വേണം, ഇതു വേണം എന്നൊക്കെ പ്രാര്‍ത്ഥിച്ചും,നേര്‍ച്ച ചെയ്തും വഴിപാടു നടത്തിയും താല്‍ക്കാലിക സൌഖ്യങ്ങളുടെ മായയില്‍ വീണ്ടും വീണ്ടും വ്യാമോഹിതരായി നട്ടം തിരിയുന്ന ജന്മങ്ങളെക്കുറിച്ച് എത്രയോ പറഞ്ഞിരിക്കുന്നു ഉപനിഷത്തുക്കളിലും വേദ സാരമായ ഗീതയിലും.

താരാപഥം said...

ദേവദാസ്‌,
ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന് താങ്കള്‍ മനസ്സിലാക്കി എന്നു അറിയുന്നു. ഒരു ചെറിയ പോസ്റ്റിലൂടെ മനസ്സില്‍ തോന്നിയ കാര്യം വ്യക്തമാക്കാന്‍ കഴിഞ്ഞില്ല എന്നത്‌ എന്റെ അറിവിന്റെ പോരയ്മയാണ്‌. അതിനുമാത്രം ആഴത്തിലൊന്നും പഠിച്ചിട്ടില്ല.

(ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.)